2026-27 വർഷത്തെ മരാമത്തു പ്രവർത്തികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനു അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ഇ-ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു , കൂടുതൽ വിവരങ്ങൾക്ക് www.etenders.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ലോക ലഹരി വിരുദ്ധ ദിനം ; ഓപ്പറേഷൻ തൂഫാൻ

June 27, 2026

ഓപ്പറേഷൻ തൂഫാൻ  ; ലോക ലഹരി വിരുദ്ധ ദിനാചരണം: കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടി

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രശാന്തൻ ഉദ്ഘാടനം ചെയ്തു. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സനില മുഖ്യാതിഥിയായി. അഴീക്കോട് മൂന്നുനിരത്ത് രാമജയം യു.പി. സ്കൂളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. റീന അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ എം. വിജേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ലഹരിക്കെതിരായ സാമൂഹിക പ്രതിരോധം ശക്തിപ്പെടുത്തുകയും യുവതലമുറയിൽ ബോധവത്കരണം വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയുടെ ഭാഗമായി ക്ലാസ് ലീഡർമാർ ചേർന്ന് ലഹരി വിരുദ്ധ ദീപം തെളിയിച്ചു. തുടർന്ന് വജ്ര ജൂബിലി ഫെലോഷിപ്പ് കണ്ണൂർ ബ്ലോക്ക് കൺവീനർ സഫ്‌വാൻ ഷാൻ ലഹരി വിരുദ്ധ ക്വിസ് മത്സരം നയിച്ചു.

വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം, ലഹരി വിരുദ്ധ നൃത്താവിഷ്‌കാരം, സൗഹൃദ ഫുട്ബോൾ മത്സരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.വി. ശ്രീരാഗ്, സി.എച്ച്. അബ്ദുൽ സലാം, കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി സീമ കുഞ്ചാൽ , രാമജയം യു.പി. സ്കൂൾ ഹെഡ് മാസ്റ്റർ സുമീർ രാജൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, അധ്യാപകർ, ജീവനക്കാർ, സ്‌കൂൾ വിദ്യാർത്ഥികൾ, തുടങ്ങിയവർ പങ്കെടുത്തു.

ലോക ലഹരി വിരുദ്ധ ദിനം 2026